
ഈണം - മലയാളത്തിലെ ആദ്യ സ്വതന്ത്ര സംഗീത ആൽബം (ജൂൺ - 2009)
സ്വതന്ത്രമായി ആർക്കും ഇന്റർനെറ്റിലൂടെ പാട്ടുകൾ കേൾക്കാനും ഡൗൺലോഡ് ചെയ്യാനുമായി തയ്യാറാക്കുന്ന മലയാളത്തിന്റെ ആദ്യ സംരംഭം.വിവിധദേശങ്ങളിൽ ജോലിനോക്കുന്ന സംഗീത പ്രേമികളായ മലയാളികളുടെ ദീർഘനാളത്തെ ആഗ്രഹത്തിന്റെ സാക്ഷാത്കാരം.
ഏവരുടേയും പിന്തുണയും അനുഗ്രഹവും പ്രതീക്ഷിച്ചു കൊണ്ട് ഈണത്തിന്റെ വകയായി ഒരു ചെറിയ വിഷുക്കൈനീട്ടം ഇതാ ഇവിടെ...!
രചന : ജി നിശീകാന്ത്
സംഗീതം : ബഹുവ്രീഹി
ആലാപനം : രാജേഷ് രാമൻ
ഡൗൺലോഡ് ഇവിടെ (Right Click and choose Save target as to save as an MP3)
ആദ്യമായ് കിട്ടിയ കൈനീട്ടം, ഇന്നും
ഓർമ്മതൻ മുറ്റത്തെ കളിയാട്ടം
ഒരുകണിക്കൊന്നപോൽ പുഞ്ചിരിച്ചവളെന്റെ
ഹൃദയത്തിനേകിയ കൺനീട്ടം, ഞാൻ
ഒരിക്കലും മറക്കാത്ത കൈനീട്ടം
തൊട്ടുവിളിച്ചുണ്ണിക്കണ്ണനേക്കാണിച്ചു
മുത്തശ്ശനേകിയ കൈനീട്ടം
മിഴിയൊപ്പിയമ്മയെൻ കൈക്കുമ്പിളിൽ തന്ന
കണ്ണീരിനുപ്പുള്ള കൈനീട്ടം, എന്റെ
കരളിലെ നൊമ്പരക്കൊടിയേറ്റം
ആണ്ടിലൊരിക്കൽ വരാറുള്ളൊരച്ഛന്റെ
വാൽസല്യ ചുംബനക്കൈനീട്ടം
ആയിരം കഥചൊല്ലിത്തന്ന മുത്തശ്ശിതൻ
വെറ്റിലക്കറയുള്ള കൈനീട്ടം, എല്ലാം
ഓർമ്മയാം കാലത്തിൻ കതിരാട്ടം.
