Monday, April 13, 2009

ഈണത്തിന്റെ വിഷുക്കൈനീട്ടം.


ഈണം - മലയാളത്തിലെ ആദ്യ സ്വതന്ത്ര സംഗീത ആൽബം (ജൂൺ - 2009)

സ്വതന്ത്രമായി ആർക്കും ഇന്റർനെറ്റിലൂടെ പാട്ടുകൾ കേൾക്കാനും ഡൗൺലോഡ് ചെയ്യാനുമായി തയ്യാറാക്കുന്ന മലയാളത്തിന്റെ ആദ്യ സംരംഭം.വിവിധദേശങ്ങളിൽ ജോലിനോക്കുന്ന സംഗീത പ്രേമികളായ മലയാളികളുടെ ദീർഘനാളത്തെ ആഗ്രഹത്തിന്റെ സാക്ഷാത്കാരം.

ഏവരുടേയും പിന്തുണയും അനുഗ്രഹവും പ്രതീക്ഷിച്ചു കൊണ്ട് ഈണത്തിന്റെ വകയായി ഒരു ചെറിയ വിഷുക്കൈനീട്ടം ഇതാ ഇവിടെ...!

രചന : ജി നിശീകാന്ത്
സംഗീതം : ബഹുവ്രീഹി
ആലാപനം : രാജേഷ് രാമൻ



ഡൗൺലോഡ് ഇവിടെ (Right Click and choose Save target as to save as an MP3)

ആദ്യമായ് കിട്ടിയ കൈനീട്ടം, ഇന്നും
ഓർമ്മതൻ മുറ്റത്തെ കളിയാട്ടം
ഒരുകണിക്കൊന്നപോൽ പുഞ്ചിരിച്ചവളെന്റെ
ഹൃദയത്തിനേകിയ കൺനീട്ടം, ഞാൻ
ഒരിക്കലും മറക്കാത്ത കൈനീട്ടം

തൊട്ടുവിളിച്ചുണ്ണിക്കണ്ണനേക്കാണിച്ചു
മുത്തശ്ശനേകിയ കൈനീട്ടം
മിഴിയൊപ്പിയമ്മയെൻ കൈക്കുമ്പിളിൽ തന്ന
കണ്ണീരിനുപ്പുള്ള കൈനീട്ടം, എന്റെ
കരളിലെ നൊമ്പരക്കൊടിയേറ്റം

ആണ്ടിലൊരിക്കൽ വരാറുള്ളൊരച്ഛന്റെ
വാൽസല്യ ചുംബനക്കൈനീട്ടം
ആയിരം കഥചൊല്ലിത്തന്ന മുത്തശ്ശിതൻ
വെറ്റിലക്കറയുള്ള കൈനീട്ടം, എല്ലാം
ഓർമ്മയാം കാലത്തിൻ കതിരാട്ടം.

Sunday, April 12, 2009

ഈണം - പ്രഥമ മലയാള ബ്ലോഗ് സംഗീത ആൽബം (ജൂൺ - 2009)


വാണീജ്യ താല്‍പ്പര്യങ്ങളോ സാമ്പത്തിക ലാഭമോ ഇല്ലാതെയുള്ള “ഫ്രീ മ്യൂസിക്“ എന്ന ആശയം വർഷങ്ങളായി ബ്ലോഗിലെ സംഗീത മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ഒരു സ്വപ്നമായിരുന്നു.കാലാകാലങ്ങളായി ഉരുത്തിരിഞ്ഞുവന്ന ഈ ആശയം ഉൾക്കൊണ്ടുകൊണ്ട് മലയാളത്തിന്റേത് മാത്രമായ ഒരു ‘സ്വതന്ത്ര സംഗീത ആൽബ’ത്തിനു രൂപം കൊടുക്കുവാനുള്ള ചിന്തകൾ പലപ്പോഴായി സൗഹൃദ കൂട്ടായ്മളിൽ ഉയർന്നു വന്നിരുന്നു.ആ സ്വപ്നം ഇവിടെ സാക്ഷാത്കരിക്കപ്പെടുകയാണ്.പല ഭൂഖണ്ഡങ്ങളിലായി പല രാജ്യങ്ങളിൽ ജോലിനോക്കുന്ന,പരസ്പരം നേരിൽ കാണാതെ,ഇന്റർനെറ്റിന്റെ മാത്രം സാദ്ധ്യതകൾ ഉപയോഗിച്ചുകൊണ്ട് ഒത്തുചേർന്ന ഒരു കൂട്ടം സംഗീത പ്രേമികൾ,ഇതാ അങ്ങനെയൊരാൽബം കാഴ്ചവയ്ക്കാനൊരുങ്ങുന്നു.

ഈ വരുന്ന 2009 ജൂണിൽ പ്രസിദ്ധീകരിക്കാമെന്നു പ്രതീക്ഷിക്കപ്പെടുന്ന പത്തു ഗാനങ്ങൾ അടങ്ങിയ ഈ ആൽബം പബ്ലീഷ് ചെയ്യപ്പെടുന്നതോടെ ആദ്യത്തെ മലയാള ബ്ലോഗ് സംഗീത ആൽബം എന്ന ആശയവും ഇവിടെ പൂർണ്ണമാവുന്നു. പൈറസിയുടെ പ്രശ്നങ്ങളില്ലാതെ സ്വതന്ത്രമായി അർക്കും ഡൗൺലോഡ് ചെയ്യാനും ഓഡിയോ സ്ട്രീമിംഗിലൂടെ അവ കേൾക്കാനും അവസരമൊരുങ്ങുകയും ചെയ്യുന്നു എന്ന പ്രത്യേകത കൂടിയുണ്ടിതിന്.

ഗ്രാമീണം,വേദാന്തം,ആർദ്ധശാസ്ത്രീയം,താരാട്ട്,വിഷാദം,ഉത്സവഗാനം,പ്രേമഗാനം,ഭാവഗീതം,കലാലയഗീതം എന്നീ വിഭാഗങ്ങളിലായി ബ്ലോഗിലെ പ്രതിഭാധനരായ എഴുത്തുകാർ രചിച്ച്,ബ്ലോഗുകളിൽ തന്നെ സംഗീതസംവിധാനത്തിൽ കഴിവുതെളിയിച്ചവർ ചിട്ടപ്പെടുത്തി,നാം അറിയുന്ന നമ്മുടെ ബ്ലോഗ് ഗായികാ ഗായകന്മാർ ആലപിക്കുന്ന പത്തു ഗാനങ്ങളുടെ ശേഖരമായ ഈ ആൽബത്തിന്റെ വർക്കുകൾ അണിയറയിൽ പൂർത്തിയാവുന്നു. ഒരോ സംഗീതപ്രേമികളുടേയും നിസ്സീമമായ സഹകരണമുണ്ടെങ്കിൽ ഈ സംരംഭം തുടർന്നുപോകാനാകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.

ആൽബത്തിനു പേരു നിർദ്ദേശിച്ച എല്ലാവർക്കും നന്ദി.അകത്തും പുറത്തുമായ കിട്ടിയ നിർദ്ദേശങ്ങളിൽ നിന്ന് “ഈണം“ എന്ന പേരു തിരഞ്ഞെടുത്തിരിക്കുന്നു എന്ന് സഹർഷം അറിയിക്കട്ടെ..നന്ദി..!

ആൽബത്തിന്റെ ലോഗോ മനോഹരമായി രൂപകല്പന ചെയ്ത പ്രിയ സുഹൃത്ത് താഹാനസീറിനു നന്ദി.

സസ്നേഹം
ആൽബം ടീം