ഇപ്രാവശ്യത്തെ ഓണം ആൽബത്തിന്റെ ചിന്തകൾ തുടങ്ങിയപ്പോഴേ ഞാൻ പറഞ്ഞതാണ്..ആളുകൾ ഇതൊന്നും മൈൻഡ് ചെയ്യാൻ പോകുന്നില്ല. ഇന്റർനെറ്റിൽ സൗജന്യമായി പൈറേറ്റഡ് ആയി ലഭ്യമാവുന്ന എ ആർ റഹ്മാന്റെ പുത്തൻ ആൽബങ്ങൾ വരെ കേൾക്കാൻ ആളുകൾക്ക് സമയം കിട്ടുന്നില്ല.സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകളിലെ വല്ലാത്ത തിരക്കിലാണ്. അപ്പോഴാണ് ഓണം കീണം എന്നൊക്കെപ്പറഞ്ഞ് ഒരോരുത്തന്മാർ സൗജന്യ സംഗീതം എന്ന ലേബലിൽ ഇറങ്ങുന്നത്. പുത്തൻ ആൽബങ്ങളിലേയും സിനിമകളിലേയും പാട്ടുകൾ ഡൗൺലോഡ് സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ പറ്റുമ്പോൾ എന്താണിവർ പറയുന്ന സ്വതന്ത്രസംഗീതം ?
എന്തായാലും പത്ത് പാട്ടുകളുമായി ആൽബമിറങ്ങി.ആദ്യത്തെ ദിവസങ്ങളിൽ പ്രതീക്ഷിച്ചത് പോലെയൊക്കെ സംഭവിക്കുന്നുണ്ട്.പലരും കണ്ട ഭാവം നടിച്ച മട്ടില്ല. ഓൺലൈനിൽ സന്തോഷ് പണ്ഡിറ്റിന്റെ പാട്ടിനെപ്പറ്റി കൂലങ്കഷമായി ചർച്ച ചെയ്യുന്നവർ പോലും ഇത്തരമൊരു ആൽബം വന്നത് കണ്ട മട്ടില്ല. ആഹ..പ്രവചനം ശരിയായ മട്ടിൽ ഇതിന്റെ അണിയറയിൽ ഇത്തവണ പ്രധാനമായി നിന്നിരുന്ന നിശിയെ തെറി പറഞ്ഞ്, മേലാൽ ഇത്തരമൊരു പരിപാടിക്കിറങ്ങിയേക്കരുത് എന്നൊക്കെയായി പിറ്റേന്നേക്കയക്കാൻ ഒരുഗ്രൻ മെയിലൊക്കെ ഡ്രാഫ്റ്റ് ചെയ്ത് വച്ചു.പിറ്റേന്നെണീറ്റ് നോക്കുമ്പോൾ ഒന്ന് രണ്ട് കമന്റുകളൊക്കെ വന്നിട്ടുണ്ട്..സ്റ്റാറ്റിസ്റ്
വക 29 ജിബി . പത്ത് ദിവസം പൂർത്തിയാകുമ്പോൾ ആകെ മൊത്തം ആൽബം ഓൺലൈനിൽ ട്രാൻസ്ഫർ ചെയ്തത് 75-80 ജിബി. രണ്ട് ലക്ഷത്തിനടുത്ത് വെബ്ബ് ഹിറ്റുകൾ. ആകെ ആറായിരത്തിൽത്താഴെ ആളുകളിലേക്ക് മാത്രമാണ് ഈ വിവരം ചെന്നെത്തിയിട്ടൂള്ളത്. ആ ഇട്ടാവട്ടത്തിൽക്കിടന്ന് കറങ്ങിയ ഈ ആൽബത്തിന് സ്വപ്നതുല്യമായ ഒരു കണക്കാണത്. ഇതു വരെ സൈറ്റിനു ലഭിച്ചത് 500 ലേറെ കമന്റുകൾ,1100ലേറെ ഫേസ്ബുക്ക് ലൈക്ക് & ഷെയറൂകൾ. ഏറെ പ്രതീക്ഷയർപ്പിച്ച,സുഹൃത്തുക്കൾ ഇതേറ്റെടുക്കുമെന്ന് കരുതിയ ഗൂഗിൾ ബസ്സിലും പ്ലസ്സിലുമൊക്കെയാണ് ഇത്തവണ ഏറ്റവും തണുപ്പൻ പ്രതികരണം കിട്ടിയതെന്ന് പറയാതെ വയ്യ. പത്രമാധ്യമങ്ങളാണ് ഇത്തവണ അദ്ഭുതപ്പെടുത്തിയ വേറൊരു കൂട്ടർ. മാതൃഭൂമിയും കലാകൗമുദിയും മാധ്യമവും മെട്രോ വാർത്തയും ചന്ദ്രികയുമൊക്കെ അവരുടെ സ്പെഷ്യൽ പതിപ്പുകളിൽ ഒരു ഹാഫ് പേജ് തന്നെ ഈണത്തേപ്പറ്റിയും അതിന്റെ തുടക്കത്തേപ്പറ്റിയുമൊക്കെ എഴുതി.ജീവൻ ടിവിയിലെ വാർത്ത കണ്ട് അനേകം ആളുകൾ പാട്ടുകൾ കേട്ടു.ഓൺലൈൻ മാധ്യമങ്ങളായ മലയാളവും,നാലാമിടവും,ബൂലോകം ഓൺലൈനും നമ്മുടെ ബൂലോകവുമൊക്കെ ഈണത്തെക്കുറിച്ച് എഴുതാൻ സന്മനസ് കാണിച്ചു. എല്ലാ വാർത്തകളുടേയും കോപ്പി ഈ പേജിൽ പ്രസിദ്ധീകരിച്ച് കാണാം.
എഴുതിവന്നത് എങ്ങനെ കൺക്ലൂഡണമെന്ന് പിടികിട്ടുന്നില്ല.അതിനാൽ ഇങ്ങനെ തന്നെ അങ്ങ് പോട്ടെ.:). ഇത്തരമൊരു സംരംഭത്തിനെ ആദ്യമായിക്കണ്ടപ്പോൾത്തന്നെ കൂടെ നിന്നവർക്കും ഇതിനേപ്പറ്റി അറിയാമായിരുന്നിട്ടും ആദ്യം കേൾക്കുന്ന അതിശയത്തോടെ പ്രോത്സാഹിപ്പിച്ചവർക്കും അഭിവാദ്യം അർപ്പിച്ചു കൊണ്ട് ഒരു കാര്യം മാത്രം പറഞ്ഞ് നിർത്തട്ടെ. ഇതേവരെ ഒരു കുട്ടിക്കളി മോഡലിൽ പരീക്ഷണാടിസ്ഥാനത്തിൽ കണ്ടിരുന്ന ഈണത്തിനെ,ദാനം കിട്ടിയ പശുവിന്റെ പല്ലുകളെണ്ണിത്തുടങ്ങുന്നത് പോലെ,മുഖ്യധാരയിൽ ലക്ഷങ്ങൾ മുടക്കിയുണ്ടാക്കിയെടുത്ത പാട്ടുകളുമായി താരതമ്യം ചെയ്യാൻ തുടങ്ങിയിട്ടുണ്ട് എന്നത് ഒരു പക്ഷേ ഇതിന്റെ പിന്നണിയിൽ നിൽക്കുന്നവർക്ക് ഏറെ സന്തോഷമുണ്ടാക്കുന്നുണ്ട്.കൂടുതൽ ഉത്തരവാദിത്തത്തോടെ നല്ല പാട്ടുകൾ ഉണ്ടാക്കിയെടുക്കാൻ ഈ സംഘം ബാധ്യസ്ഥരാവുകയാണോ എന്ന് തോന്നിപ്പിക്കുന്നവയാണ് ഏറിവരുന്ന ഈ പ്രതികരണങ്ങളെങ്കിലും ശ്രോതാക്കളുടെ ഒരു ചെറിയ സർക്കിളിൽ മാത്രം ഈണം നിന്നു പോവുന്നു എന്നുള്ളതാണ് പ്രധാനം പ്രശ്നം.എങ്കിലും പോരായ്മകളൊക്കെ കഴിവതും പരിഹരിച്ച്, കൊമേഷ്സ്യൽ വിപണിയുടെ കെട്ടുപാടുകളില്ലാതെ,പൈറസിയുടെ പ്രശ്നങ്ങളില്ലാതെ, ആർക്കും സ്വതന്ത്രമായി ഡൗൺലോഡ് ചെയ്തെടുക്കാൻ പാകത്തിന് ഇനിയും ഈണം ആൽബങ്ങൾ പുറത്ത് കൊണ്ടൂവരാനുള്ള ഭാരിച്ച ബാധ്യത തോളിലേറ്റിക്കൊണ്ടാവും ഇത്തവണത്തെ സാംഘാംഗങ്ങൾ മടങ്ങുന്നത്.
ഈ പാട്ടുകളോ,ഇത്തരമൊരു ചിന്തയോ,സംരംഭമോ ഒക്കെ ഇഷ്ടമായതിനാൽ ഇതിനെ ആറായിരത്തിനു പുറത്തേക്ക് എത്തിക്കാൻ സന്മനസ് കാണിക്കുന്ന ഒരോരുത്തർക്കും ഈണം ടീമിന്റെ പേരിൽ നന്ദിയുണ്ട്.നിസ്വാർത്ഥമായി ഇതിലെ ഒരോ ചെറു ചലനത്തിനും അണിചേർന്ന കലാകാരന്മാർക്കും ഇതിനെ ഒരു സ്വകാര്യസ്വത്തായി കണക്കാക്കിയ പ്രിയസ്നേഹിതർക്കും ഒരിക്കൽ കൂടി നന്ദി പറഞ്ഞ് കൊണ്ട് ഒരാൾക്കായി എഴുതി വച്ചിരുന്ന തെറി ഡിലീറ്റാനായി ഞാനും നൂറേൽ ഓടട്ടെ :)
ഈണത്തിനു വേണ്ടിയുള്ള വ്യക്തിപരമായ കുറിപ്പ് - കിരൺ